02:23am 02 September 2026
NEWS
സ്ത്രീകളുടെ തുല്യതയും സ്വാതന്ത്ര്യവും ഉറപ്പാക്കണം ജെബി മേത്തര്‍ എം പി
01/09/2026  08:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്ത്രീകളുടെ തുല്യതയും സ്വാതന്ത്ര്യവും ഉറപ്പാക്കണം ജെബി മേത്തര്‍ എം പി

കൊച്ചി: സ്ത്രീ സ്വാതന്ത്ര്യത്തിനും ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിക്കും എതിരായ നിലപാടുകള്‍ എവിടെനിന്നുയര്‍ന്നാലും അംഗീകരിക്കാനാകില്ലെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി പറഞ്ഞു. എല്ലാ മതങ്ങളിലെയും മത- ആത്മീയ നേതാക്കളെയും പൂര്‍ണമനസ്സോടെ ബഹുമാനിക്കുന്നുവെന്നും വിശ്വാസികളെ നയിക്കാനും മതത്തിന്റെ വഴി നടത്താനുമുള്ള മതനേതാക്കളുടെ അവകാശത്തെയും അധികാരത്തെയും അംഗീകരിക്കുന്നുവെന്നും ജെബി മേത്തര്‍ വ്യക്തമാക്കി. എന്നാല്‍ സമത്വവും വ്യക്തിവികാസവും ഉള്‍പ്പെടെയുള്ള മാനവികതയുടെയും ഇന്ത്യന്‍ ഭരണഘടനയുടെയും അടിസ്ഥാന തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഏറ്റവും വലിയ ഉത്തരവാദിത്തബോധത്തോടെ വേണം മതനേതാക്കള്‍ ഈ അധികാരം വിനിയോഗിക്കാനെന്ന് അവര്‍ പറഞ്ഞു.

സ്ത്രീകളെ അടിച്ചമര്‍ത്തുന്ന തികച്ചും പുരുഷമേധാവിത്വപരമായ ചിന്താഗതികളോടും ആചാരങ്ങളോടും ഒരു തരത്തിലും മഹിളാ കോണ്‍ഗ്രസിന് യോജിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. വികസിത രാജ്യങ്ങളെപ്പോലും മറികടക്കുന്ന തരത്തിലുള്ള മുന്നേറ്റമാണ് കേരള സമൂഹം, പ്രത്യേകിച്ച് മലയാളി സ്ത്രീകള്‍, കൈവരിച്ചിട്ടുള്ളത്. എല്ലാ മതങ്ങളില്‍പ്പെട്ട മലയാളി സ്ത്രീകളും സാമൂഹിക, പ്രൊഫഷണല്‍, സംരംഭകത്വ, രാഷ്ട്രീയ മേഖലകളില്‍ ഇന്ന് മുന്‍നിരയിലാണ്. ഈ പുരോഗതിയില്‍ നിന്ന് മലയാളി സ്ത്രീകളെ പിന്നാക്കം വലിക്കാന്‍ ഇനി ഒരു ശക്തിക്കും സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

ലോകം ഇത്രയും മുന്നേറുമ്പോള്‍ നമ്മുടെ സ്ത്രീകള്‍ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത നേട്ടങ്ങളില്‍ നിന്ന് അവരെ പിന്നോട്ട് വലിച്ച് നമ്മള്‍ നമ്മളെത്തന്നെ താഴ്ത്തിക്കെട്ടരുതെന്നും ജെബി മേത്തര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി അടുത്തിടെ 'കൂട് പൊട്ടിച്ചു പുറത്തുവരാന്‍' എന്ന ആഹ്വാനം സ്ത്രീകളോട് നടത്തിയത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ശക്തവും വിപ്ലവാത്മകവുമായ നിലപാടാണ്. സ്ത്രീകളെ തടവറകളിലോ വിലങ്ങുകളിലോ തളച്ചിടാതെ അവരെ ശാക്തീകരിക്കുകയും എല്ലാ മേഖലകളിലും തുല്യാവകാശങ്ങളോടെ മുന്നേറാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമെന്നും അവര്‍ വ്യക്തമാക്കി.

സമൂഹത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് എന്നും വഴിതുറന്നിട്ടുള്ളത് സ്ത്രീകളാണ്. സമൂഹമുന്നേറ്റത്തിനും തുല്യതയ്ക്കും വേണ്ടി എല്ലാവരും നിലകൊള്ളണം. ഇക്കാര്യം എല്ലാ മതനേതാക്കളും ഉള്‍ക്കൊള്ളണമെന്ന് മഹിളാ കോണ്‍ഗ്രസ് അഭ്യര്‍ഥിക്കുന്നതായും ജെബി മേത്തര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img